Sunday, September 1, 2013

അരണ്ട നിലാവെട്ടത്ത്

ഇരുള്‍ മൂടിയ ആ വഴികള്‍ അന്യമായിരുന്നില്ല എങ്കിലും അയാള്‍ വളരെ ശ്രദ്ധിച്ചാണ് നടന്നത് -- റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ തീരെ പ്രകാശം
ഉണ്ടായിരുന്നില്ല -- എവിടെയെങ്കിലും ഒരു നായകുരച്ച്ചു തന്റെ സാന്നിധ്യം അറിയിക്കരുതെന്ന് അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു ----
അരണ്ട നിലാവെട്ടത്ത് അങ്ങനെ ഏറെ നേരം പണിപ്പെട്ടു അയാള്‍ -- ആ കുന്നിന്റെ ചെരുവിലെ തുറസ്സായ സ്ഥലത്തെത്തി -- ഇല്ല ഒട്ടും താമസിച്ചിട്ടില്ല--
മൂന്നു പേരും അവിടെ തന്നെ ഉണ്ട് -- മെഴുകുതിരി വെട്ടത്തില്‍ മദ്യപാനം തുടരുന്നു --- അയാള്‍ വാച്ചിലെ സമയം നോക്കാന്‍ ശ്രമിച്ചു -- എട്ടു മണി കഴിഞ്ഞു ഇരുപതു മിനുട്ട് -- പറഞ്ഞ സമയം ആകാന്‍ ഇനിയും പത്തു മിനുറ്റ് ബാക്കി അയാള്‍ ആ ചെരുവിനു മുന്നിലെ മരത്തിന്റെ മറവിലേക്ക് ഒതുങ്ങി നിന്നു --- നാല് വര്ഷം --നാല് വര്‍ഷത്തിനു ശേഷം അത് സാധ്യമാകാന്‍ പോകുന്നു -- പദ്ധതി ഒട്ടും പാളിപ്പോകരുതെ എന്ന് അയാള്‍പ്രാര്‍ത്ഥിച്ചു -- സമയം ഇഴഞ്ഞു നീങ്ങി -- പത്തു മിനുട്ടിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം -- അയാള്‍ ചെറുതായി വിയര്‍ത്തിരുന്നു -- മൂവര്‍ സംഘത്തില്‍ നിന്നും ഒരുവന്‍ എഴുന്നേറ്റു എന്തോ പറഞ്ഞു അയാള്‍ ചെറിയ ടോര്‍ച്ചും തെളിച്ചു മരക്കൂട്ടത്തിലേക്ക് നടന്നു --- തുടര്‍ന്ന് രണ്ടാമനും --- മൂന്നാമന്‍ ഒരു സിഗരട്ട് കത്തിച്ചു പുകയൂതി ആകാശം നോക്കി  ഇരിപ്പാണ് -- പോയവര്‍ രണ്ടും ഇരുളില്‍ മറഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം അയാള്‍ മൂന്നാമനെ ലക്‌ഷ്യം ആക്കി മെല്ലെ നടന്നു ------
________________________________________________________________________________________________________
വയര്‍ലെസ് സെറ്റിലെ മെസ്സേജുകള്‍ക്ക്‌ മറുപടി നല്‍കിയ ശേഷം സുരേഷ്  തന്റെ എതിരെ ഇരിക്കുന്ന തടിച്ച പോലീസുകാരനെ നോക്കി അയാള്‍ കൂര്‍ക്കം വലിക്കുകയായിരുന്നു -- സാറേ സാറേ അയാള്‍ ഉറക്കെ വിളിച്ചു ഉറക്കച്ചടവോടെ തടിച്ച പോലീസുകാരന്‍ പ്രതിവചിച്ചു "എന്താടോ"
"വിജയന്‍ സാറ് വല്ലോം കഴിച്ചോ ? " സുരേഷ്  ചോദിച്ചു "ഉവ്വല്ലോ നീ കഴിച്ചില്ലേ " മറുചോദ്യം -- "ഇല്ലാ സാര്‍" "എന്നാല്‍ സുരേഷ് പോയി വല്ലോം കഴിച്ചിട്ടു വാ സെറ്റ് ഞാന്‍ നോക്കാം"-- ധൃതിയിൽ  അയാള്‍ ആഹാരം കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ പോലീസ് സ്റെഷന് മുന്നില്‍ ഒരു ചെറിയ ആരവം
ആഹാരം ഉപേക്ഷിച്ചു അയാളും വയര്‍ലെസ് മാറ്റി വച്ച് തടിച്ച പോലീസുകാരനും വാതില്‍ക്കലേക്ക് നീങ്ങി -- ചോര പുരണ്ട വസ്ത്രങ്ങളും നീട്ടിയ കത്തിയുമായി മാധവന്‍ അകത്തേക്ക് കടന്നു വന്നു രണ്ടു പോലീസുകാരും ഞെട്ടി -- "സാര്‍ ----കൊന്നു സാര്‍ ----ഞാന്‍ കൊന്നു --നാല് വര്ഷം കാത്തിരുന്നു --എല്ലാം ചോദിച്ചു --എല്ലാ കണക്കും തീര്‍ത്ത്‌ ഞാന്‍ കൊന്നു സാര്‍ -- അവനാ റബ്ബർ തോട്ടത്തിന്റെ അപ്പുറത്തെ ചരിവില്‍ കിടപ്പുണ്ട് --- എനിക്ക് രക്ഷപ്പെടണ്ട സാര്‍ -- ഞാന്‍ കീഴടങ്ങുവാ " -- ഇത്രയും പറഞ്ഞു മാധവന്‍ കുഴഞ്ഞു തറയില്‍ വീണു -- "സാര്‍ ഇച്ചിരി വെള്ളം " -- വിജയന്‍ എന്നാ ഹെഡ് കൊണ്സ്ടബിൾ തന്റെ ജൂനിയര്‍ ആയ സുരേഷിനോട് പറഞ്ഞു "ഇയാളെ ലോക്ക് അപ്പിലേക്ക് മാറ്റ് വെള്ളം കൊടുത്തോ ഞാന്‍ എസ് ഐയെയും  സീ ഐ സാറിനെയും വിളിക്കട്ടെ -- സുരേഷ് കുപ്പിയില്‍ ഇരുന്ന വെള്ളം മാധവന് നല്‍കി മാധവന്‍ വെള്ളം കുടിച്ച ശേഷം പതിയെ ലോക്ക് അപ്പിലേക്ക് നടന്നു -----------
__________________________________________________________________________________________________
ലോക്ക് അപ്പിൽ  ഇരുന്നു മാധവന്‍ ഒന്നൊന്നായി ആലോചിച്ചു --- അതിര്‍ത്തിയില്‍ ക്യാമ്പുകളില്‍ കഴിച്ചു കൂട്ടിയ ചെറുപ്പകാലം --- ഒടുവില്‍ ഒരു ലീവിന് വന്നപ്പോള്‍ അവളുടെ കഴ്ത്തില്‍ താലി കെട്ടി സ്വന്തമാക്കിയത് -- പ്രസവസമയത്തെ അമിത രക്തസ്രാവം അവളും കുഞ്ഞും ഒരു ടെലെഗ്രാം ആയി ക്യാമ്പില്‍ എത്തിയതും  ---- പിന്നെ അമ്മയും അച്ഛനും അതെ വഴി പോയി മറഞ്ഞതും ------ടെലെഗ്രാം എന്ന് കേട്ടാലെ പേടിക്കുന്ന അവസ്ഥ --- പെന്‍ഷന്‍ ആയി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ലക്‌ഷ്യം ഒന്നും ഇല്ലായിരുന്നു ചിരിക്കാന്‍ മറന്നു പോയ ദിനങ്ങള്‍ --- അയല്‍ക്കാരനും സഹപാഠിയും ആയ സുകുമാരന്‍ മാത്രമാണ് ആകെ ഈ ലോകത്ത് ചിരിക്കാനും സംസാരിക്കാനും ആയി ഉണ്ടായിരുന്നത് -- തടിമില്ലില്‍ ഉണ്ടായ അപകടം ഒരു കൈയുടെ സ്വാധീനം ഏറെക്കൂറെ നഷ്ടപ്പെടുത്തിയെങ്കിലും സുകുമാരന്‍ ആവുന്നതൊക്കെ ചെയ്തു കുടുംബത്തിനു വേണ്ടി ജീവിച്ചു  -- മാസാമാസം
മിലിട്ടറി ക്യാന്റീനില്‍ നിന്നു കിട്ടുന്ന കുപ്പിയുടെ ഇരുപുറവും  ഇരിക്കുമ്പോ സുകുമാരന്‍ ഒത്തിരി കഥകള്‍ പറഞ്ഞിരുന്നു സ്വപ്നങ്ങളും --- രണ്ടു മക്കളെയും നല്ല ഭാവി നിലയില്‍ എത്തിക്കുക  മാത്രം ആയിരുന്നു അയാളുടെ കിനാവുകൾ ---പഠിക്കാൻ മിടുക്കരായ ചിത്രശലഭങ്ങളെ  പോലെയുള്ള രണ്ടു മക്കൾ --അവർ മാധവനും മക്കളായി --മാധവന് അവരുടെ  പ്രിയപ്പെട്ട അമ്മാവനും ---അഴിയിട്ട വാതിലിനു മുന്നില്‍ രണ്ടു പേരുടെ രൂപം തെളിഞ്ഞതോടെ മാധവന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു -- നക്ഷത്ര ചിഹ്നത്തിന്റെ അധികാരം പേറുന്നവരുടെ
ചോദ്യങ്ങള്‍ മാധവന്‍ എല്ലാത്തിനും ഉത്തരം  കൃത്യമായി പറഞ്ഞു --- എല്ലാം ----- പോലീസുകാർ  പരസ്പരം നോക്കി --- പിന്നെ മാധവനെ ലോകകപ്പില്‍ വിട്ടു അവര്‍ എന്തൊക്കെയോ പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു --- മാധവന്‍ തളർച്ച  കൊണ്ടുള്ള മയക്കത്തിലേക്ക് മെല്ലെ വഴുതി ---
___________________________________________________________________________________________________
അതെ ഞാന്‍ കൊന്നു ---------- നാല് വര്ഷം കാത്തിരുന്നു --- ഒടുവില്‍ അവന്റെ സ്നേഹിതര്‍ക്കു മദ്യം വെറുതെ നല്‍കി സ്വാധീനിച്ചു --- അവരയാളെ ഞാന്‍ പറഞ്ഞ സ്ഥലത്തെത്തിച്ചു ---സാറേ വെറും പന്ത്രണ്ടു വയസേ ആയ്രിരുന്നുള്ളൂ --- എനിക്കിപ്പഴും കാണാം --- എന്റെ മോളുണ്ടായിരുന്ണേൽ അവളുടെ പ്രായം -- മാമാ എന്ന് തികച്ചു വിളിക്കാതെ എന്നെ സ്നേഹിച്ച എന്റെ മോളാ ---എന്റെ ചിത്രശലഭം പോലുള്ള മോള് -- അവനു കൈ സ്വാധീനം കുറവാ സാറേ ---അവനെക്കൊണ്ട്‌ പറ്റത്തില്ല ---പിന്നെ ഭാര്യ കൊച്ചുമോന്‍ അവര്ക്കാകെ  അവനെ ഉള്ളൂ --- എന്റെ മകളാ ---- എന്റെ പോന്നു മോള്‍ ചിന്നു -- നീല ഉടുപ്പിട്ട് അവള്‍ സ്കൂളീന്ന് വരണതും കാത്തിരുന്നതാ ---- ഒടുവില്‍ പൊട്ട കിണരിനകത്ത് നിന്ന്  കിട്ടി ------ മൂന്നാം നാള്‍ --- അന്നേ ഞാന്‍ എല്ലാരോടെയും പറഞ്ഞതാ അവനെ വിടത്തില്ല എന്ന് -- പതിനഞ്ചു വര്ഷം അതിര്‍ത്തിക്കു കാവല് നിന്നതാ സാറേ -- സുബേദാര്‍ മാധവന്‍ ---അവന്റെ ഉയിര് എടുക്കുമ്പോ എനിക്ക് കൈ വിറച്ചില്ല സാറേ -- ആ കേസ് നടക്കുമ്പോ എല്ലാ സാക്ഷികളെയും  അവന്‍ കാശ് കൊടുത്ത് വിലക്കെടുത്തു --- അവന്റെ അപ്പന്റെ കാശ് ഇഷ്ടം പോലെ ഉണ്ടായിരുന്നെ -- കാത്തിരുന്നു സാറേ -- അവനു കിട്ടിയ ശിക്ഷ തീര്‍ന്നു വരാന്‍ കാത്തിരിക്കുവാരുന്നു --- അവന്‍ നേരെ ഇങ്ങു വന്നില്ല--എവിടെയോ ജോലി സമ്പാദിച്ചു കഴിഞ്ഞു കൂടി -ഇപ്പം ഒരു ആഴ്ച മുന്പാ ലീവിന്
വന്നത് പട്ടി --- ഇനി താമസിച്ചാല്‍ അവന്‍ രക്ഷപെടും --- ഇന്നലെ ആ കവലേല്‍ ചായക്കടെലിരുന്നു  സ്കൂള് വിട്ടു പോണ പിള്ളേരെ അവന്‍ നോക്കിയ നോട്ടം കണ്ടപ്പോഴേ ഞാന്‍ ഉറപ്പിച്ചതാ --ഇനി ഒരു നാള്‍ കൂടി അവനു കൊടുക്കാൻ പാടില്ല എന്ന് --- എന്നെ തൂക്കിക്കൊന്നോ സാറേ -- എന്നാലും ആ ദുഷ്ടനെ പേടിക്കാണ്ട് എന്റെ നാട്ടുകാര്‍ക്ക് ഉറങ്ങാം--- പിള്ളേര്‍ക്ക് സ്കൂളില്‍ പോകാം --എന്നെ തൂക്കിക്കൊന്നോ സാറേ -- മാധവന്‍ പൊട്ടിക്കരഞ്ഞു --
_____________________________________________________________________________________________________
സുരേഷ് എന്ന ചെറുപ്പക്കാരൻ പോലീസിനു കൈകള്‍ വിറച്ചിരുന്നു റിപ്പോര്‍ട്ട്‌ എഴുതുമ്പോള്‍ പരിചയസമ്പന്നനായ വിജയന്‍ വേണ്ട നിയമങ്ങള്‍ പറഞ്ഞു കൊടുത്തു --- മാധവനെ കയറ്റിയ പോലീസ് ജീപ്പ് കോടതിയിലേക്ക് നീങ്ങി --
______________________________________________________________________________________________________
ഫോണ്‍ റിങ്ങ് ചെയ്തു ആരാണാവോ ഈ സമയത്ത് വിജയന്‍ ഫോണ്‍   എടുത്തു "സാറേ സുരേഷാ -- സമ്മതിച്ചിരിക്കുന്നു സാറേ ഇന്നാ മാധവന്റെ വിധി പറഞ്ഞു രണ്ടു വര്ഷം തടവ്‌ മാത്രം --- സാറ് പറഞ്ഞ പൊയന്റുകള്‍ വച്ചെഴുതിയ കൊണ്ടാണെന്ന് എനിക്കുറപ്പാ -- എസ ഐ സാറും സന്തോഷത്തിലാ --- അവന്മാര് അപ്പീല്‍ പോയാലും ഒന്നും നടക്കില്ലാ എന്നാ സാറ് പറഞ്ഞെ --- ഇത്തവണ ശമ്പളം കിട്ടുമ്പോ  സാറിനു എന്റെ വക ഒരു ചിലവുണ്ടേ " സുരേഷ് ഫോണ്‍ വച്ചു---- വിജയന്‍ ദീർഘനിശ്വാസം ചെയ്തു --- അകത്തിരുന്നു പഠിക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ നോക്കി വെറുതെ പുഞ്ചിരിച്ചു ---- വിജയന്‍ അപ്പോള്‍ ഒരു പോലീസുകാരനായിരുന്നില്ല ---- പിതാവായിരുന്നു രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ പിതാവ്---
_______________________________________________________________________________________-

No comments:

Post a Comment