Friday, August 19, 2011

ഒറ്റക്കയര്‍ ഇട്ട ഊഞ്ഞാല്‍

പ്രീയപ്പെട്ട ജ്യേഷ്ടന് ,
ഞാന്‍ സുഖമായി എത്തിച്ചേര്‍ന്നു , ഇവിടെ കമ്പനിയില്‍ ജോലിക്ക് പോയി തുടങ്ങി, നമ്മുടെ നാട് പോലെ അല്ല ,വലിയ നഗരമാണ് ചില മലയാളി സുഹൃത്തുക്കളെ കിട്ടിയത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി, താമസവും വലിയ കുഴപ്പമില്ല , അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം അനിയത്തിമാരോട് തുടര്‍ന്ന് പഠിക്കാന്‍ ഉള്ള തയരെടുക്കാന്‍ പറയണം ,ശമ്ബളം കിട്ടിയാലുടനെ കാസയച്ച്ചു തരാം ,എല്ലാരോടും അന്വേഷണം പറയുക...നിര്‍ത്തുന്നു ശേഷം അടുത്ത കത്തില്‍

എന്റെ മിനിക്കുട്ടിക്ക്
ഇവിടെ വന്നിട്ട മാസം ഒന്ന് തികയുന്നു ....നിന്നെ കാണാന്‍ വല്ലാതെ കൊതിയാകുന്നു മോളെ , സാരമില്ല എല്ലാം നമുക്കും കൂടി വേണ്ടിയല്ലേ ..പിന്നെ ഇവിടെ എനിക്ക് പ്രയാസം ഒന്നുമില്ല ...കുറച്ചു നല്ല കൂട്ടുകാര്‍ ഉണ്ട് , അടുപ്പമുള്ള ഒന്ന് രണ്ടു പേര്‍ക് നമ്മുടെ കാര്യവും അറിയാം അവന്മാരിപ്പോള്‍ എന്നെ കളിയാക്കി കൊണ്ടിരിക്കയാണ് ...അന്ന് വീട്ടിനു പിന്നില്‍ വച്ചു ചെയ്ത പോലെ നിന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തരാന്‍ തോന്നുന്നു ..വരട്ടെ ലീവിന് വരുമ്പോള്‍ ആകാം ...നോക്കിക്കോ

പിന്നെ അമ്മാവന് കൊടുക്കാനുള്ള കാശു കഴിയുന്നതും പെട്ടെന്നയക്കാം, അതുവരെ നിന്റെ അപ്പന്‍ വീട്ടില്‍ ചെന്നുടക്കാണ്ട് നോക്കിക്കോണേ
അമ്മായിയോട് പറഞ്ഞാല്‍ മതി .പിന്നെ പഠിപ്പ് ഉഴപ്പരുത്‌..ഡിപ്ലോമ കഴിഞാല്‍ നിന്റെ ആഗ്രഹം പോലെ ഡിഗ്രിക്ക് ചേരാനാകും. നിന്നെ ഒരു എഞ്ചിനീയര്‍ ആയി കാണുക എന്നത് അമ്മാവനെ പ്പോലെ എനിക്കും ആഗ്രഹമുള്ള കാര്യമാണ് . മൂന്നു വര്ഷം തികക്കാതെ തിരികെ വരാന്‍ സാധ്യതയില്ല . കടങ്ങളൊക്കെ വീടി സമധാനമായിട്ടെ ഞാന്‍ ഇവിടം വിടുകയുളൂ നമുക്കും വേണ്ടേ മോളെ ശാന്തമായ ഒരു ജീവിതം..
എല്ലാം ശരിയാകും ..നിര്‍ത്തട്ടെ നിന്റെ സ്വന്തം .......

പ്രിയപ്പെട്ട രവീ

എല്ലാവര്ക്കും സുഖമെന്ന് കരുതുന്നു , എല്ലാവരെയും അന്വേഷിച്ചതായി പറയണം , പാലക്കാട്ട് നിന്നും ഷാജി വിളിക്കാറുണ്ടോ ? പിന്നെ രമേശിനോട് പാസ്പോര്‍തിന്റെ കോപി അയച്ചു തരാന്‍ പറയുക .നിന്റെ ജോലി എന്തായി പുതിയ ലിസ്റ്റില്‍ പന്ത്രണ്ടാമാതല്ലേ പേര് ? ഉടനെ കിട്ടുമെന്ന് ഉറപ്പിക്കാം നിര്‍ത്തട്ടെ സ്വന്തം ..........

പ്രിയപ്പെട്ട ചേട്ടന്

എല്ലാവര്ക്കും സുഖമല്ലേ .. പിന്നെ ബാങ്കിലെ ലോണ്‍ ഇനി രണ്ടു തവണ കൂടിയല്ലേ ബാക്കിയുല്ലോ ഇതിനോടൊപ്പം അയക്കുന്ന കാശു കൊണ്ട് അത് ക്ലോസ് ചെയ്യണം ..പിന്നെ ചേട്ടന്റെ കട പുതുക്കിയ ശേഷം കച്ചോടം നന്നായി എന്ന് കേട്ടതില്‍ സന്തോഷം എനിക്കിവിടെ ഒരു ചിട്ടി ഉള്ളത് ഉടനെ കിട്ടും .അത് കിട്ടിയാലുടന്‍ രമയുടെ കല്യാണം ആലോചിക്കാം . പിന്നെ ബാങ്കില്‍ നിന്നും പുതിയ ഒരു ലോണ്‍ കൂടി നോക്കണം ആദ്യത്തേത് കൃത്യമായി അടച്ച കൊണ്ട് കിട്ടാന്‍ പ്രയാസമുണ്ടാവില്ല എന്ന് കരുതുന്നു .അത്യാവശ്യം സ്വര്‍ണം ഒക്കെ വാങ്ങണം വീടും ഒന്ന് ശരിയാക്കണം. രമയെ കാണാന്‍ വരുന്ന കൂട്ടര് നമ്മളെ പറ്റി മോശമായി കരുതരുതല്ലോ .
രണ്ടു വര്ഷം പോയതറിഞ്ഞില്ല എന്നാലും കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നല്ലോ അത് മാത്രമാണ് സമാധാനം .പിന്നെ എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ലീവ് കിട്ടും എങ്കിലും ഞാന്‍ വരുന്നില്ല .രമയുടെ കല്യാണം സരിയായാല്‍ അപ്പോള്‍ ഇതും ചേര്‍ത്ത് എടുക്കാം എന്ന് കരുതുന്നു .അമ്മയോട് മരുന്ന് മുടക്കരുത് എന്ന് പറയണം . പിന്നെ എന്റെ ഒരു കൂട്ടുകാരന്‍ ഉടനെ ലീവിന് വരും രാമക്കും പോടിമോള്കും ചിലത് കൊടുത്തയക്കുന്നു അവനതവിടെ കൊണ്ട് തരും .
കൂടുതല്‍ നീട്ടുന്നില്ല നിര്‍ത്തട്ടെ ...................എന്ന് സ്വന്തം

എന്റെ മിനിക്കുട്ടിക്ക്

നിനക്കെന്തു പറ്റീ ഇപ്പൊ പഴയത് പോലെ കത്ത് കാണുന്നില്ല . പിന്നെ പുതിയ ജോലി എങ്ങനുണ്ട് . പാര്‍ട്ട്‌ ടൈം ആയി ഡിഗ്രിക്ക് ശ്രമിച്ചൂടെ, ഹോസ്റ്റല്‍ താമസം കുഴപ്പമില്ല എന്ന് കരുതുന്നു. നാട്ടില്‍ അമ്മാവനും അമ്മായിക്കും സുഖമല്ലേ . കടം വീട്ടിയത് കൊണ്ട് അമ്മാവന്‍ ഇപ്പോള്‍ എന്നെ ചീത്ത വിളിക്കുന്നത് കുറച്ചു കാണും എന്ന് കരുതാം . പിന്നെ എഴുത്ത് മുടക്കല്ലേ മോളെ ആകെ ഒരു ആശ്വാസം അത് മാത്രാമാണ് .

നിന്നെ കാണാനും ഒന്ന് കീട്ടിപ്പിടിച്ച്ചുമ്മ തരാനും കൊതിയാകുന്നു ....വരട്ടെ രമക്ക് വിവാഹം ആലോചിക്കാന്‍ ഏട്ടനോട് പറഞ്ഞിട്ടുണ്ട് അങ്ങനെയാണെങ്കില്‍ അപ്പോള്‍ വരും ..അമ്മാവനോട് നമ്മുടെ കാര്യം അപ്പോള്‍ സംസാരിക്കാം എന്ന് കരുതുന്നു .

പിന്നെ രവിയുടെ ഓഫീസി നിന്റെ ഓഫീസിനടുത്താണ് എന്നവന്‍ എഴുതിയിരുന്നു നന്നായി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അടുത്ത ഒരാളായല്ലോ .അത്രയും സമാധാനം .. നിര്‍ത്തട്ടെ നിന്റെ ഓര്‍മകളില്‍ ഒരായിരം ച്ചുംബനങ്ങലോടെ ....

പ്രിയപ്പെട്ട രവീ

എല്ലാവര്ക്കും സുഖമല്ലേ , നിന്റെ പ്രൊബേഷന്‍ തീരാന്‍ ഇനി രണ്ടു മാസം കൂടി , ഷാജിയുടെ കല്യാണക്കാര്യം അറിഞ്ഞെങ്കിലും ഇപ്പൊ വരാനകുമെന്നു തോന്നുന്നില്ല .നോക്കട്ടെ .പിന്നെ രമേഷിന്റെ വര്‍ക്ക്‌ സൈറ്റ് ഇവിടെ നിന്നും കുറെ ദൂരത്താണ് വിളിക്കാറുണ്ട് ഇപ്പൊ രണ്ടു മാസമായി കണ്ടിട്ട.
പിന്നെ മിനിക്കുട്ടിയെ ഇടക്ക് കാണണം അവളവിടെ ഒറ്റപ്പെട്ടു പോകരുത് ...നീ അടുത്തുള്ളത് ഒരു സമാധാനം തന്നെ ...
വീട്ടില്‍ എല്ലാരേയും അന്വേഷിച്ചതായി പറയണം . നിര്‍ത്തട്ടെ

പ്രീയപ്പെട്ട ചേട്ടന്

രമയുടെ കല്യാണം നന്നായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം. രമേഷിപ്പോ നാട്ടില്‍ ഉണ്ടല്ലോ അവന്‍ വരുമ്പോള്‍ കല്യാണ കാസറ്റിന്റെ ഒരു കോപി കൊടുത്തയക്കണം .. ഇവിടെ ഇപ്പോള്‍ സീസന്‍ ആണ് നല്ല വര്‍ക്ക്‌ ഉണ്ട് അത് കൊണ്ടാണ് ലീവ് കിട്ടാത്തത് .
പിന്നെ ചേട്ടന്റെ വിവാഹ തീരുമാനം എന്തായാലും നന്നായി .അപ്പോഴെങ്കിലും ലീവ് കിട്ടിയാല്‍ മതിയായിരുന്നു ...കഴിഞ്ഞ കത്തിനോടൊപ്പം വീടിന്റെ ഫോട്ടോ അയച്ചത് വളരെ ഇഷ്ടപ്പെട്ടു ...പക്ഷെ മരങ്ങളൊക്കെ മുറിച്ചു മാറ്റിയത് വല്ലാതെ തോന്നി ..പ്രത്യേകിച്ചു ആ തേന്മാവു ..പിന്നെ ഇപ്പോഴത്തെ രീതികളും കൂടി നോക്കണമല്ലോ ...ഒരു മാവ് പിന്നംപുരത്തെങ്കിലും വച്ചു പിടിപ്പിക്കണം ....

ചേട്ടന്‍ ചോദിച്ച അത്രയും കാശു ഇപ്പോള്‍ എടുക്കാന്‍ പ്രയാസമാണ് ...ഉണ്ടായിരുന്നതും പിന്നെ അടുത്ത സുഹൃത്തുക്കളോട് കടവും വാങ്ങിയാണ് രമക്ക്‌ കല്യാണ അവസ്യത്തിനുള്ളത് തികച്ചത് സാരമില്ല ഈ സീസന്‍ കഴിയുമ്പോ കടം വീട്ടനാകും അപ്പൊ തീരച്ച്ചയായും അയക്കാം ..ശരിക്കും ഓവര്‍ ടൈം ഉള്ളത് കൊണ്ടാണ് വിളിക്കാന്‍ കഴിയാത്തത് .

പിന്നെ അമ്മയുടെ അസുഖം കുറവ് ഉണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം ..രംയോട് പറയണം നിവൃത്തിയില്ലഞ്ഞ്ട്ടാണ് വരാത്തേ എന്ന് അളിയനോടും അന്വേഷണം പറയണം . അമ്മാവന്‍ പരാതി പറഞ്ഞു എന്നറിഞ്ഞു ..പിണക്കണ്ട ചേട്ടാ രമ വരുമ്പോള്‍ അവളോട് നേരിട്ട് ചെന്ന് അമ്മായിയുടെ കാലു പത്തു തവണ തൊട്ടു തൊഴാന്‍ പറ കാലു പിടിക്കാത്ത പരാതി തീരട്ടെ ...എന്തൊക്കെ കാര്യങ്ങല്ലനു ചിരിക്കാതെന്തു ചെയ്യും

സാരി നീട്ടുന്നില്ല നിര്‍ത്തട്ടെ.................സ്വന്തം

എന്റെ മിനിക്കുട്ടിക്ക്

ഇതിപ്പോ രണ്ടു മാസമാകുന്നു നിന്റെ കത്ത് കിട്ടിയിട്ട.........എന്ത് പറ്റി നിനക്ക് ? പാര്‍ട്ട്‌ ടൈം ഡിഗ്രിക്ക് ചേര്‍ന്നത്‌ നന്നായി ..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത് ...ഇവിടെയും ഇത്തിരി തിരക്കാണ് ഞാന്‍ കഴിയുന്നതും പെട്ടെന്ന് വരാം ....നന്നായി പഠിക്കുക എനിക്കുടനെ ഇവിടെ നിന്നും ഒരു മാറ്റം വരും ..ചോദിച്ചു വാങ്ങുകയാണ് പുതിയ സ്ഥലം ഇവിടെ നിന്ന് കുറച്ചേറെ ദൂരത്താണ് അവിടെ ചെലവ് കുറവും ശമ്ബലത്തില്‍ അല്പം കൂടുതലും കിട്ടും ...
മനസിലെന്തോക്കെയോ അക്കരണമായ ഭയം ...........ഒന്നും എഴുതാന്‍ ആകുന്നില്ല ..നിര്‍ത്തുന്നു നിനക്കൊരായിരം ഉമ്മകള്‍

എന്ന് സ്വന്തം ......(തീര്‍ച്ചയായും മറുപടി എഴുതണം )

പ്രീയപ്പെട്ട രവീ

ശരീരത്തിന്റെ ദൂരം മനസിനെയും ബാധിച്ചോ , നിനക്ക് പ്രമോഷന്‍ ആയതും വീട് വക്കുന്നതും ഒന്നും പറഞ്ഞില്ലല്ലോ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാശു ചോദിക്കില്ലായിരുന്നു ചേട്ടന്‍ അത്യവസയാനെന്നു പറഞ്ഞകൊണ്ടാണ് ചോദിച്ചത് രമയുടെ കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നല്ല ഞെരുക്കത്തിലായിപ്പോയി അത് കൊണ്ട് ചോദിക്കേണ്ടി വന്നതാണ് . ഞാന്‍ ഇപ്പൊ പുതിയ സ്ഥലത്താണ് മേല്‍വിലാസം മാറി ഇതിനു ചുവടെ പുതിയ മേല്‍വിലാസം എഴുതിയിട്ടുണ്ട് ..പുതിയ സ്ഥലം പുതിയ ആള്‍കാര്‍ ...രമേഷിന് പുതിയ കമ്പനിയില്‍ നല്ല പോസ്റ്റ്‌ ആണെന്ന് കേട്ട് അവനിപ്പോ വിളിക്കാറ് പോലും ഇല്ല ഇവിടെ ഞാന്‍ വല്ലാതെ ഒറ്റപ്പെടുന്നു ...
ഒന്നും എഴുതാന്‍ കഴിയുന്നില്ല ....പിന്നീടാകട്ടെ ......
എന്ന്............

എട്ടന്

മനപൂര്‍വമല്ല അവസാന നിമിഷത്തിലാണ് ഏട്ടന്റെ കത്ത് കിട്ടുന്നത് പെട്ടെന്ന് ലീവ് കിട്ടില്ല എന്നറിയാമല്ലോ .......പിന്നെ കാശു അയക്കാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം ...എട്ടത്തിയോടു എന്റെ അന്വേഷണം പറയണം ...അമ്മക്ക് വിശേഷം ഒന്നുമില്ല എന്ന് കരുതുന്നു രാമക്കിപ്പോ ആറുമാസമായി അവളുടെ പ്രസവസംയാത്തെങ്കിലും എത്തനായെങ്കില്‍ ....ഞാന്‍ അവിടെ നിന്ന് പോന്ന ശേഷം കുടുംബത്തില്‍ മൂന്നാമത്തെ അംഗം ........അപ്പോഴെങ്കിലും എത്തന്നയാല്‍ മതിയായിരുന്നു ..

എനിക്കിവിടെ മടുത്തിരിക്ക്കുന്നു എങ്ങനെയും കുറച്ചു കാശു കൂടി ഉണ്ടാക്കണം പോടിമോളുടെ കല്യാണവും എനിക്കവിടെ വന്നു ജീവിക്കാന്‍ എന്തെങ്കിലും ഒരു തൊഴില്‍ തുടങ്ങാനുള്ള വഴിയും ആയാല്‍ ഞാന്‍ ഇവിടെ നിന്ന് പോരും .....ഏറിയാല്‍ ഒരു വര്ഷം..വല്ലാതെ ഒറ്റപ്പെടുന്നു ചേട്ടാ ചേട്ടനും ഇപ്പൊ പഴയ പോലെ എഴുതരില്ലല്ലോ .....നിര്‍ത്തട്ടെ
എന്ന് സ്വന്തം .............

പ്രീയപ്പെട്ട ഷാജീ

എനിക്കിത് വിശ്വസിക്കാനാകുന്നില്ല ..എന്തോ കുഴപ്പമുണ്ടെന്നു തോന്നിയിരുന്നു ...എന്നാലും രവി...നിന്റെ കത്ത് കിട്ടിയപ്പോ ആദ്യം വിഷമം തോന്നിയെങ്കിലും ഒത്തിരി ആലോചിച്ചപ്പോള്‍ അവര് ചെയ്തതാണ് സാരി എന്ന് തോന്നി ...രവിയിപ്പോള്‍ ഗസറ്റഡ് ഓഫീസര്‍ അല്ലെ നാട്ടില്‍ നല്ല സ്വത്ത് വകയും ഉണ്ട് ...അവളുടെ പടിപ്പു കഴിഞ്ഞാല്‍ അവള്‍ എഞ്ചിനീയര്‍ ആണ് അവര് തമ്മിലെ ചേരൂ ....എനിക്കെന്തു യോഗ്യതയാനുള്ളത്....തിരിച്ചു വന്നാല്‍ വല്ല പലചരക്ക് കടയോ മറ്റോ തുടങ്ങാനല്ലേ കഴിയൂ ....ഒരു പലചരക്ക് കടക്കാരന്റെ ഭാര്യയായി കഴിയണ്ട എന്നവള് തീരുമാനിച്ചാല്‍ കുറ്റം പറയാനാകില്ല.
ഞാന്‍ അവര്കെഴുതിയില്ല കാണുമ്പോള്‍ പറയണം എല്ലാ ഭാവുകങ്ങളും മനസ് നിറഞ്ഞു നേര്ന്നതായി ......എന്നെ ഇപ്പൊ ആരുമങ്ങനെ ഓര്‍കാറില്ല ഷാജീ ..ഏട്ടന്‍ പോലും വിവാഹം അറിയിച്ചത്.......വിവാഹത്തിനു മൂന്നു ദിവസം മുന്‍പ്....അഞ്ചുവര്‍ഷം ആകാറായി ഇവിടെ വന്നിട്ട് ......നിന്റെ സ്നേഹിതന്‍ പറഞ്ഞത് ശരി ആണ് മുടിയൊക്കെ നരച്ചു ....
ഷാജീ ഈ അഞ്ചു വര്ഷം ഞാന്‍ ജീവിച്ചതും സ്വപ്നം കണ്ടതും എല്ലാം നാട്ടില്‍ തിരിച്ചു വന്നു മിനിക്കുട്ടിയോടോത്തൊരു ജീവിതമാണ് ...ഇനി എന്ത് സ്വപ്നത്തിന്റെ പേരിലാണ് ഞാന്‍ ജീവിക്കേണ്ടത് ...ഒന്നും അറിയില്ല .......
പോടിമോളുടെ കല്യാണം ഉടനെ നടത്താന്‍ വേണ്ടത് ശരിയാക്കിയിട്ടുണ്ട് ...........അമ്മയുടെ ശാരീരിക സ്ഥിതി മോശം എന്ന് അറിഞ്ഞു ..എന്താ വേണ്ടതെന്നു അറിയില്ല .......നോക്കട്ടെ നീ എങ്കിലും എഴുതണം .......
നിര്‍ത്തട്ടെ ...............


എട്ടന്
ഇത് ഓണക്കാലമല്ലേ............എല്ലാവരും വീട്ടില്‍ ഉണ്ടാവും അല്ലെ ....പോടിമോള്കും ഭര്‍ത്താവിനും സുഖമെന്ന് അവളെഴുതിയിരുന്നു കുറെ മുന്‍പ് .......രമയെപ്പറ്റി ഏട്ടനും ഒന്നും എഴുതിയില്ല ..........ഇനി എന്തിനാണ് ഞാന്‍ അങ്ങോട്ട്‌ വരേണ്ടത് ........ഇങ്ങോട്ട് പോരുമ്പോള്‍ അതിനു ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു അതെല്ലാം കഴിഞ്ഞപ്പോ തിരിച്ചു വരാനൊരു കാര്യമില്ലണ്ടായി ..........എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു കാസിനോടത്യാര്‍ത്തി അല്ലെ എട്ടനത് പറയരുതായിരുന്നു ....ഏട്ടനെങ്കിലും

പോട്ടെ .......ഈ നല്ല സമയത്ത് ഞാനായിട്ടൊന്നും പറയുന്നില്ല എട്ടത്തിക്കും മക്കള്‍ക്കും സുഖമല്ലേ ....അമ്മയെ പ്രത്യേകം ശ്രദ്ധിക്കണം ...ഞാന്‍ .......പിന്നെ ഇവിടെയും ഓണം ഉണ്ട് എന്റെ കൂടെ മുറിയില്‍ ഉള്ളവര്‍ ആരും ഇവിടെ ഇല്ല രണ്ടു പേര്‍ നാട്ടിലാണ് മൂന്നാമന്‍ ഓണം ആഘോഷിക്കാന്‍ അടുത്ത നഗരത്തില്‍ അയാളുടെ ബന്ധുക്കലോടോപ്പവും ......എന്ന് വച്ചു ഞാന്‍ ആഘോഷിക്കതിരിക്കുന്നില്ല .....ഭക്ഷണമൊക്കെ തയാറാക്കി കഴിഞ്ഞു ഒരു കുപ്പിയും കരുതിയിട്ടുണ്ട് ....ടീവിയില്‍ മലയാളം ചാനലില്‍ നല്ല പരിപാടികലുണ്ടല്ലോ ...പിന്നെ ഒരൂഞ്ഞാലും കെട്ടിയിട്ടുണ്ട് ..........

അല്പം മദ്യപിച്ചു ,സദ്യയും കഴിച്ചു ഊഞ്ഞാല്‍ ആടി.................അങ്ങനെയാണ് ഈ ഓണം ............
എല്ലാവര്ക്കും നല്ലത് വരട്ടെ ................മിച്ചമുള്ള കാശു മുഴുവന്‍ അയച്ചിട്ടുണ്ട് .....ഇപ്പൊ അങ്ങനെയാണല്ലോ വീട്ടില്‍ എന്റെ സാന്നിദ്ദ്യം.........
ഊണ് കഴിക്കട്ടെ ..............എന്നിട്ട ഊഞ്ഞാലിലേക്ക് ......
എന്റെ ഒറ്റക്കയരിട്ട ഊഞ്ഞാല്‍...........
എല്ലാവരെയും ഓര്‍കുന്നു ...........നിര്‍ത്തട്ടെ

No comments:

Post a Comment