Tuesday, July 1, 2014

മരപ്പാവ മെനയുന്നവർ

പൊങ്ങു തടി ആയിരുന്നു ---
ഒഴുക്കിനൊപ്പം ഒഴുകിയും
ഓളങ്ങളിൽ നീരാടിയും
തുള്ളിക്കളിച്ചും കലഹിച്ചും
അങ്ങനെ ഒരുപാട് നാൾ !
ഓളങ്ങൾ തീരത്തടുപ്പിച്ചത്
നീയെന്നെ കണ്ടെത്തുന്നത്
സ്നേഹന ലേപനങ്ങളാൽ മൃദുവാക്കിയത്
ഒക്കെ ഞാൻ ആസ്വദിച്ചു ---
----------------------------------
പിന്നെ മൂർച്ചകൂട്ടിയ ആയുധങ്ങൾ
ചെത്തി ചെത്തി എന്റെ ഉടൽ
ഓരോ തവണയും പ്രതിബിംബം എന്നെ കാട്ടി
നന്നാവും നന്നാവും എന്ന് നുണ പറഞ്ഞു  നീ
എനിക്ക് സംശയം ഉണ്ടായിരുന്നു
എന്നാലും വേറെ പോംവഴി ഉണ്ടായിരുന്നില്ല
നന്നാവും നന്നാവും എന്ന് ഞാൻ സ്വയം
പറഞ്ഞു എന്നെ തന്നെ വിശ്വസിപ്പിച്ചു
--------------------------------------------
ഈ ചായം പുരട്ടി മിനുക്കി വച്ച രൂപം
ഞാനാണെന്ന് നീ പറഞ്ഞപ്പോൾ
പ്രതിബിംബം കാട്ടിയപ്പോൾ
ഞാനതിൽ എന്നെ തിരയുകയായിരുന്നു
ഇന്ന് ഞാനതറിയുന്നു ----
നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു
നീ രൂപം കൊടുത്ത ഒരു വെറും
മരപ്പാവയ്ക്ക് --- എങ്ങനെ ഞാനാവാൻ കഴിയും ?
എനിക്ക് പ്രിയപ്പെട്ടതെല്ലാം എന്നിൽ നിന്നും നീ
ചെത്തി
എടുത്തിരുന്നുവല്ലോ -- നിനക്കായി



2 comments: